ബെംഗളുരു: കർണാടക ചീഫ് സെക്രട്ടറിയുടെ ഓഫിസിലേക്ക് വിളിച്ച് വ്യാജ ബോംബ് ഭീഷണി മുഴക്കിയയാള്‍ അറസ്റ്റിൽ. കർണാടക വിജയനഗര ജില്ലയിലെ ഹോസപ്പേട്ടെ സ്വദേശിയായ പ്രശാന്ത് കുമാർ (41) ആണ് അറസ്റ്റിലായത്.
സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഇയാൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.06നാണ് ബോംബ് ഭീഷണി മുഴക്കിയത്. ചീഫ് സെക്രട്ടറിയുടെ ഓഫിസിലേക്ക് വിളിച്ച ഇയാൾ താൻ അവിടെ ബോംബ് വച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു. ഇതോടെ നായകളുമായി പാഞ്ഞെത്തിയ പൊലീസ് ഓഫിസാകെ അരിച്ചുപെറുക്കിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഇതോടെയാണ് ഇത് വ്യാജ ഭീഷണിയാണെന്ന് മനസിലായത്.
തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകൾക്കുള്ളിൽ പ്രശാന്തിനെ ഹെബ്ബഗൊഡിയിലെ വീട്ടിൽ നിന്ന് പൊക്കുകയുമായിരുന്നു. ഇയാൾക്കെതിരെ വിധാൻ സൗധ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.