ശ്രീനഗർ: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തനിക്കെതിരെ മത്സരിക്കുന്ന ശശി തരൂർ ശത്രുവല്ലെന്ന് മല്ലികാർജുൻ ഖാർഗെ. പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് തരൂരുമായി മത്സരിക്കുന്നത് രാജ്യത്തിന്റേയും പാർട്ടിയുടേയും വളർച്ചയ്ക്ക് വേണ്ടിയുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കാൻ വേണ്ടിയാണെന്നും ഖാർഗെ പറഞ്ഞു. ശ്രീനഗറിൽ വെച്ച് പാർട്ടി പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘ഇതൊരു ആഭ്യന്തര തിരഞ്ഞെടുപ്പാണ്. വീട്ടിലെ രണ്ടു സഹോദരങ്ങളെ പോലെയാണ്, അവർ തമ്മിൽ പോരടിക്കില്ല. എന്നാൽ അവരുടെ കാഴ്ചപ്പാടുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ അവർ പരമാവധി ശ്രമിക്കും. ഞാൻ എന്ത് ചെയ്യുന്നു എന്നത് ചോദ്യമല്ല. ഞങ്ങൾ ഒന്നിച്ച് രാജ്യത്തിനും പാർട്ടിക്കും വേണ്ടി എന്തു ചെയ്തു എന്നതാണ് ഏറ്റവും പ്രധാനം. ഞാൻ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു അല്ലെങ്കിൽ മറ്റൊരാൾ അങ്ങനെ ചെയ്തു എന്ന സംസാരം നമുക്ക് ഒഴിവാക്കാം’, ഖാർഗെ പറഞ്ഞു.
അതേസമയം, എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയോട് ശത്രുതയില്ലെന്ന് ശശി തരൂർ. മഹാരാഷ്ട്രയിൽ പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി 23 നേതാക്കളാരും പ്രശ്നക്കാരല്ല. കോൺഗ്രസിൽ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് പാർട്ടി ശക്തിപ്പെടുകയെന്നതാണ് ലക്ഷ്യം. പാർട്ടി മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തുന്നവരാണ് പ്രവർത്തകരെല്ലാം. 2024 ലെ തെരഞ്ഞെടുപ്പിൽ കൂടുതൽ ശക്തമായി ബിജെപിയെ നേരിടുന്നവരെയാണ് കോൺഗ്രസിന് ആവശ്യമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരം മുംബൈയിൽ തുടരുകയാണ്. എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് പിന്തുണയുമായി കോൺഗ്രസ് നേതാവും മുന്‍ എംപിയുമായ പ്രിയ ദത്തെത്തി. മഹാരാഷ്ട്ര പിസിസി ഓഫീസില്‍ തരൂര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ആശംസകളുമായി പ്രിയയും വേദിയിൽ എത്തിയത്. മുന്‍ കേന്ദ്രമന്ത്രി സുനിൽ ദത്തിന്റെ മകളായ പ്രിയ, 2005ലും 2009ലും ലോക്സഭയിലേക്ക് വിജയിച്ചിരുന്നു. മറ്റ് മുതിര്‍ന്ന നേതാക്കള്‍ തരൂരിന്റെ യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല.