തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിയന്ത്രണങ്ങളുമായി കെപിസിസി. വിഷയത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് നേതാക്കള്‍ക്കും വക്താക്കള്‍ക്കും കെപിസിസി വിലക്കേര്‍പ്പെടുത്തി.
ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെങ്കലും ഇത് കര്‍ശനമായി പാലിക്കണമെന്ന് നേതൃത്വം ഇന്ന് അറിയിക്കുകയായിരുന്നു.
ചാനലുകളിൽ ചർച്ച വരുന്നത് പാർട്ടിക്കുള്ളിൽ വിഭാഗീയതയുണ്ട് എന്ന തരത്തിലാണ്. കേരളത്തിലെ നേതൃത്വം മല്ലികാർജുൻ ഖാർഗെയെ പിന്തുണയ്ക്കുകയും തരൂരിനെതിരെ നിൽക്കുകയും ചെയ്യുന്നു എന്ന പ്രചരണം ഇതിനോടകം തന്നെ ശക്തമാകുകയും ശശി തരൂർ അതിനെ അനുകൂലിച്ച് കൊണ്ട് ചില പ്രതികരണങ്ങൾ നടത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ രണ്ട് തട്ടിലാണ് കേരളത്തിലെ നേതൃത്വം എന്ന ചർച്ചയുള്ളതിനാൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടെന്നാണ് കെപിസിസിയുടെ നിർദേശം.
ഇതിനിടെ, കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പരസ്യ പിന്തുണയെ ചൊല്ലി തർക്കം ഉടലെടുത്തു. ശശി തരൂർ നൽകിയ പരാതി പരിശോധിക്കുമെന്നും പരാതി കേരള നേതാക്കളെ കുറിച്ചല്ലെന്നും തിരഞ്ഞെടുപ്പ് അതോറിട്ടി ചെയർമാൻ മധുസൂദൻ മിസ്ത്രി അറിയിച്ചു. ജമ്മു കശ്മീരിൽ നിന്നുള്ള നേതാവ് സൽമാൻ സോസ് നൽകിയ പരാതിയിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അതിനാൽ തിരഞ്ഞെടുപ്പ് സമിതിക്കു മുൻപാകെ എതിർപ്പ് അറിയിക്കാനാണ് തീരുമാനമെന്നും ശശി തരൂർ വ്യക്തമാക്കി.
കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നിർദേശം മറികടന്ന് മല്ലികാർജുൻ ഖർഗെയെ പിന്തുണയ്ക്കുന്ന പിസിസികളുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശശി തരൂർ അതൃപ്തി വ്യക്തമാക്കിയത്.