കൊല്ലം: കൊട്ടിയത്ത് അമ്മയെയും കുഞ്ഞിനെയും വീടിന് പുറത്ത് നിർത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും, സ്ത്രീധന പീഡന നിയമപ്രകാരവുമാണ് കേസ്.
കൊട്ടിയം പോലീസാണ് കേസ് എടുത്തത്. ഭർത്താവ് പ്രതീഷ് ലാൽ, അമ്മ അജിതാ കുമാരി, ഭർതൃ സഹോദരി എന്നിവർക്ക് എതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നര മുതൽ അതുല്യയും അഞ്ച് വയസുകാരനായ മകനും ഭർതൃ വീടിന്റെ പുറത്താണ് കഴിഞ്ഞത്. പലവട്ടം കതക് തുറക്കാൻ അമ്മായിഅമ്മയോട് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. തന്റെ മകളുടെ പേരിലുള്ള വീടാണെന്നും അതുല്യ വീട്ടിൽ കയറരുതെന്ന കോടതിയുടെ ഉത്തരവുണ്ടെന്നുമാണ് ഭര്‍തൃമാതാവായ അജിത കുമാരി വാദിച്ചത്. അകത്ത് കടക്കാൻ കഴിയാതായതോടെ യുവതി സിഡബ്ല്യുസിയേയും പൊലീസിനെയും വിവരം അറിയിച്ചു. പക്ഷേ നടപടി ഉണ്ടായില്ല. നാട്ടുകാർ മാത്രമാണ് സഹായത്തിന് ആകെ കൂടെ ഉണ്ടായിരുന്നത്. വിഷയം വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് പൊലീസ് ഇടപെട്ടത്.
ഇതിനിടെ അമ്മയെയും കുഞ്ഞിനെയും ഇറക്കിവിട്ട സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ ഇടപെട്ടു. വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ ഡിജിപിക്ക് കത്തയച്ചു. അടിയന്തരമായി എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് നിർദേശം.