ബെംഗളൂരു: ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ ആര്‍.എസ്.എസിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസിന് ഒരു പങ്കുമില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് നേതാക്കൾ ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തതെന്നും സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് സ്റ്റൈപൻഡ് കൈപ്പറ്റിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടകയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനം അടക്കമുള്ള സമകാലിക വിഷയങ്ങളില്‍ സംസാരിക്കവേയാണ് രാഹുല്‍ ആര്‍.എസ്.എസിനെതിരേ ആഞ്ഞടിച്ചത്.
‘അക്കാലത്ത് ബിജെപി ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കും അവർക്കില്ല. ഞാൻ മനസിലാക്കിയിടത്തോളം ആർഎസ്എസും സവർക്കറും ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തത്. സവർക്ക് ബ്രിട്ടീഷുകാരിൽ നിന്ന് സ്റ്റൈപൻഡ് വാങ്ങുകയും ചെയ്തിരുന്നു. അന്നെവിടെയും ബിജെപിയുടെ മുൻഗാമികൾ ഉണ്ടായിരുന്നേയില്ല. ഈ സത്യങ്ങൾ ബിജെപിക്ക് മൂടിവയ്ക്കാനാവില്ല. കോൺഗ്രസും അതിന്റെ നേതാക്കളുമാണ് സ്വാതന്ത്ര്യത്തിനായി പോരാടിയത്- രാഹുൽ പറഞ്ഞു.
വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നവര്‍ ആരായാലും അവര്‍ ദേശവിരുദ്ധരാണെന്നും അവര്‍ക്കെതിരേ പോരാടണമെന്നവും പി.എഫ്.ഐ. നിരോധനത്തെ സൂചിപ്പിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ ഏത് വിഭാഗത്തില്‍ നിന്നുള്ളവരാണെന്നത് വിഷയമല്ല. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നത് ഒരു ദേശവിരുദ്ധ പ്രവൃത്തിയാണ്. അത്തരം ആളുകള്‍ക്കെതിരേ നമ്മള്‍ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.