ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞടുപ്പനുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. മല്ലികാര്‍ജുന ഖാര്‍ഗെയും ശശി തരൂരുമാണ് മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികള്‍. പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതായി എ.ഐ.സി.സി തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി മാധ്യമങ്ങളെ അറിയിച്ചു.
ഇരുവർക്കും ഇന്ന് മുതൽ ഔദ്യോഗികമായി പ്രചാരണം നടത്താം. ഈ മാസം 17 ന് രഹസ്യ ബാലറ്റ് വഴിയാകും വോട്ടെടുപ്പ് നടക്കുക. 19 ന് വോട്ടെണ്ണലും നടക്കും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ബാലറ്റ് വഴി തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കും. എഐസിസി ആസ്ഥാനത്തും ഭാരത് ജോഡോ ബൂത്തും അടക്കം ആകെ 69 ബൂത്തുകളാണ് സജ്ജീകരിക്കുകയെന്നും മിസ്ത്രി അറിയിച്ചു.
അതേ സമയം, പരസ്യ പിന്തുണയെച്ചൊല്ലി തര്‍ക്കം നടക്കുന്ന സാഹചര്യത്തില്‍, സമവായത്തിനോ പത്രിക പിന്‍വലിക്കാനോ ഇല്ലെന്നും ശശി തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഖാര്‍ഗെക്ക് പിന്തുണയേറുന്നതാണ് തരൂരിനെ അതൃപ്തനാക്കിയത്.