ജയ്പുര്‍: സംസ്ഥാനത്ത് നിക്ഷേപമിറക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ട്. അത് ഗൗതം അദാനിയെന്നോ മുകേഷ് അംബാനിയെന്നോ ജയ് ഷായെന്നോ ഭേദമില്ലാതെ സ്വാഗതം ചെയ്യും. രാജസ്ഥാന്‍ നിക്ഷേപക സംഗമത്തില്‍ ഗേലോട്ട് അദാനിയെ പ്രശംസിച്ചതിനെ ബിജെപി പരിഹസിച്ചിരുന്നു. ഇതിനു പ്രതികരണമായാണ് ഗേലോട്ടിന്റെ മറുപടി.
”അദാനിയോ അംബാനിയോ അമിത് ഷായുടെ മകന്‍ ജയ് ഷായോ ആവട്ടെ, ഞങ്ങള്‍ സ്വാഗതം ചെയ്യും. ഞങ്ങള്‍ക്ക് തൊഴിലും നിക്ഷേപവുമാണ് വേണ്ടത്”എന്ന് ഗേലോട്ട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. അദാനിയെ താന്‍ പ്രശംസിച്ചതിനെ ബിജെപി പരിഹസിച്ചത് നിര്‍ഭാഗ്യകരമാണെന്ന് ഗേലോട്ട് പറഞ്ഞു. ബിജെപിക്കാണ് അതു ദോഷം ചെയ്യുകയെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു.
ഗൗതം അദാനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി പലവട്ടം രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഇതു പരാമര്‍ശിച്ചാണ് ബിജെപി ഗേലോട്ടിനെതിരെ രംഗത്തു വന്നത്.