ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യുടെ പ്രചാരണ ഫ്ലെക്സിൽ വി.ഡി.സവർക്കറുടെ ചിത്രം വന്നതിൽ വിശദീകരണവുമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎ. ഇതു വ്യാജമാണെന്നും ഇത്തരത്തിൽ ഒരു ഫ്ലെക്സ് താനോ കോൺഗ്രസ് പാർട്ടിയോ പ്രവർത്തകരോ സ്ഥാപിച്ചിട്ടില്ലെന്നും ശാന്തിനഗർ എംഎൽഎ എൻ.എ.ഹാരിസ് പറഞ്ഞു.
“ഇതു സംബന്ധിച്ച് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഞങ്ങളുടെ ആശയങ്ങളോട് ചേർന്നുപോകുന്ന ആളല്ല ആ ഫ്ലെക്സിൽ ഉള്ളത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് കിട്ടുന്ന പിന്തുണയിൽ അസൂയയുള്ളവരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നില്‍”– അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലെ മാണ്ഡ്യയിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സിൽ രാഹുൽ ഗാന്ധി, കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ, മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെ ചിത്രങ്ങളോടൊപ്പം സവർക്കറുടെ ചിത്രവും ഉണ്ടായിരുന്നു.