പാലക്കാട്: വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ഡ്രൈവർ ജോമോനുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. വടക്കഞ്ചേരിയിൽ അപകടം നടന്ന സ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്.
ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. ജോമോനിൽ നിന്ന് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ആലത്തൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
അപകടത്തില്‍ നിസ്സാര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മുങ്ങിയ ജോമോനെ വ്യാഴാഴ്ച വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് തെളിവെടുപ്പിനെത്തിച്ചത്. ബസ്സിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായത്.
മനഃപൂർവമുള്ള നരഹത്യക്ക് കേസെടുത്തതിനാൽ പ്രതിയെ റിമാൻഡ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കെഎസ്ആർടിസി സഡൻ ബ്രെക്കിട്ടതാണ് അപകട കാരണമെന്നാണ് നേരത്തെ ജോമോൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ, ജോമോന്റെ വാദം പോലീസ് പൂർണമായും തള്ളി. ഇയാൾ അശ്രദ്ധമായും അമിത വേഗത്തിലും വണ്ടി ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. തെളിവെടുപ്പ് പുരോഗമിക്കുകയാണ്.
അപകടമുണ്ടായതിനെ കുറിച്ചും രക്ഷപ്പെട്ടതിനെ കുറിച്ചുമെല്ലാം പോലീസ് ജോമോനില്‍ നിന്ന് ചോദിച്ചറിഞ്ഞു. ആദ്യം മനഃപൂര്‍വമല്ലാത്ത നരഹത്യയായിരുന്നു ജോമോനെതിരേ ചുമത്തിയിരുന്നതെങ്കില്‍ പ്രതിഷേധമുണ്ടായതോടെ ഇപ്പോള്‍ കൂടുതല്‍ ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെയാണ് ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി ജോമോനെ അറസ്റ്റ് ചെയ്തത്. ജോമോനെതിരേ 2018-ല്‍ മദ്യപിച്ച് വാഹനമോടിച്ചതിനും കേസുണ്ട്.