ന്യൂഡല്‍ഹി: പതിനൊന്നുകാരിയെ രണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ഡല്‍ഹി കേന്ദ്രീയ വിദ്യാലയത്തിലെ ശൗചാലയത്തില്‍ വെച്ചാണ് കുട്ടിയെ ഇവര്‍ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ് മുറിയിലേയ്ക്ക് പോകുകയായിരുന്ന കുട്ടി 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളുമായി അബദ്ധത്തില്‍ കൂട്ടിയിടിച്ചിരുന്നു. പിന്നാലെ കുട്ടി ക്ഷമാപണം നടത്തിയെങ്കിലും ആണ്‍കുട്ടികള്‍ ഉപദ്രവിക്കുകയായിരുന്നു. ശൗചാലയത്തിനുള്ളില്‍ പൂട്ടിയിട്ടശേഷം അവര്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.
തുടർന്ന് സംഭവം മൂടിവെക്കാനും ആണ്‍കുട്ടികളെ രക്ഷിക്കാനും സ്കൂളിലെ അധ്യാപിക ശ്രമിച്ചെന്നും വിഷയത്തില്‍ ഇടപെട്ട ഡല്‍ഹി വനിതാ കമ്മീഷന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വനിതാ കമ്മീഷന്‍ ഇടപെട്ടതിന് പിന്നാലെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിജീവിത പോലീസിനെ സമീപിച്ചത്. വനിതാ കമ്മീഷന്‍ ഡല്‍ഹി പോലീസിനും സ്‌കൂള്‍ പ്രിന്‍സിപ്പലിനും നോട്ടീസ് അയച്ചിട്ടുണ്ട്.