കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി മൂന്ന് യുവാക്കൾ എക്സൈസ് പിടിയിൽ. കൊല്ലം എക്സൈസ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
കല്ലേലിഭാഗം വില്ലേജിൽ വേങ്ങറ മുറിയിൽ കടവിൽ തെക്കേതിൽ വീട്ടിൽ അനന്തു (25) ആണ് ഒന്നാം പ്രതി. കുന്നത്തൂർ ചരിഞ്ഞയ്യത്ത് വീട്ടിൽ പ്രവീൺ (22) അൻസിൽ നിവാസിൽ അഹിനസ് (22) എന്നിവർ രണ്ട്, മൂന്ന് പ്രതികളാണ്. ഇവരുടെ പക്കൽ നിന്ന് 51 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്. മൂന്നാം പ്രതിയായ അഹിനസ് താമസിച്ചു വന്നിരുന്ന വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ കരുനാഗപ്പള്ളി തൊടിയൂർ-പുലിയൂർ വഞ്ചി ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. കരുനാഗപ്പള്ളി തൊടിയൂർ ഇടക്കുളങ്ങരയിലെ ഒരു വീട് കേന്ദ്രീകരിച്ച് ചില യുവാക്കൾ തമ്പടിക്കുന്നതായും പല യുവാക്കളും ബാംഗ്ലൂർ സഹിതമുള്ള അന്യസംസ്ഥാന നഗരങ്ങളിൽ നിരന്തരമായി യാത്ര ചെയ്തു വരുന്നതായും രഹസ്യ വിവരം ഉണ്ടായിരുന്നു. തുടർന്ന് എക്സൈസ് ഷാഡോ നിരീക്ഷണം ഈ പ്രദേശങ്ങളിൽ ശക്തിപ്പെടുത്തിയിരുന്നു. തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ ഇവിടെ തമ്പടിച്ച് ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ അടക്കമുള്ള മാരക സിന്തറ്റിക് ലഹരി വസ്തുക്കൾ കരുനാഗപ്പള്ളി മേഖലയിൽ എത്തിച്ച് ചില്ലറ വിൽപ്പന നടത്തിവരുന്നതായുള്ള സൂചന ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത് .