ബാങ്കോക്ക്: തായ്ലൻഡിൽ ഡേ കെയർ സെന്ററിൽ കൂട്ടക്കുരുതി നടത്തിയ അക്രമി സ്വയം നിറയൊഴിച്ച് മരിച്ചു. പന്യ കാംറബ് (34) ആണ് കൂട്ടക്കുരുതി നടത്തിയ ശേഷം ജീവനൊടുക്കിയത്. വെടിവയ്പിൽ ഇയാളുടെ ഭാര്യയും മക്കളും കൊല്ലപ്പെട്ടു. ഇവരെ ലക്ഷ്യംവച്ചാണ് കൂട്ടക്കുരുതി നടത്തിയതെന്നാണ് കരുതുന്നത്.
സംഭവത്തിനു ശേഷം ഇയാൾ വെള്ള പിക്കപ്പ് ട്രക്കിൽ രക്ഷപ്പെട്ടിരുന്നു. വെടിവയ്പിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട പന്യയെ കഴിഞ്ഞ വർഷം പോലീസ് സേനയിൽനിന്നും പുറത്താക്കിയിരുന്നു.
വടക്കു കിഴക്കൻ തായ്‌ലൻഡിലെ ഒരു ചൈൽഡ് കെയർ സെന്ററിലാണ് ഇയാൾ വെടിവെപ്പ് നടത്തിയത്. ആക്രമണത്തിൽ 22 കുട്ടികളുൾപ്പടെ 34 പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് അക്രമിയെന്ന് നാം ക്ലാം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഇയാൾ തന്റെ ഭാര്യയെയും മകനെയും വധിച്ച ശേഷം ജീവനൊടുക്കിയെന്ന് തായ്‌ലന്റ് പൊലീസ് അറിയിച്ചു.
ഇന്ന് ഉച്ചക്കാണ് അതി ദാരുണമായ സംഭവം നടന്നത്. രണ്ട് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കെയർ സെന്ററിലായിരുന്നു ആക്രമണം. കുട്ടികൾ ഉറങ്ങുന്ന സമയത്താണ് അക്രമി ഇവിടെ അതിക്രമിച്ച് കയറിയത്. ആദ്യം ജീവനക്കാർക്ക് നേരെയാണ് ഇയാൾ വെടിയുതിർത്തത്. എട്ട് മാസം ഗർഭിണിയായ അധ്യാപിക ഉൾപ്പടെ നാല് പേരെ ഇയാൾ വെടിവെച്ച് കൊലപ്പെടുത്തി.
പിന്നീടാണ് അക്രമി ഉറങ്ങിക്കിടന്ന കുട്ടികൾക്ക് നേരെ തിരിഞ്ഞത്. അങ്ങേയറ്റം നിഷ്ഠൂരമായ കൂട്ടക്കൊലയാണ് പിന്നീട് നടന്നത്. 30 കുട്ടികളുണ്ടായിരുന്ന ഡേ കെയറിലെ കുട്ടികളെ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലാണ് പൊലീസ് കണ്ടെത്തിയത്. 22 കുട്ടികൾ കൊല്ലപ്പെട്ടതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ എട്ട് കുട്ടികൾ ചികിത്സയിലാണ്.