കൊച്ചി: ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് സംബന്ധിച്ച് കർശന പരിശോധനകൾ നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വിനോദയാത്രയുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാൻ സ്കൂളുകളും ശ്രദ്ധിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
മോട്ടോർ വാഹന വകുപ്പിന്‍റെ എല്ലാ പരിശോധകളും പൂർത്തിയായ വാഹനങ്ങളാണ് വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം.
വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിൽ ടൂറിസ്റ്റ് ബസിടിച്ച് അഞ്ചു കുട്ടികൾ ഉൾപ്പെടെ ഒൻപതു പേർ മരിച്ച സംഭവം അതീവ ദുഖകരമാണ്. വേഗപ്പൂട്ട് നിർബന്ധമാക്കിയുള്ള നിയമം നിലനിൽക്കെ ഈ ബസിന് എങ്ങനെയാണ് അമിത വേഗമെടുക്കാൻ സാധിച്ചതെന്ന് അന്വേഷിക്കണം. വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനകൾ ശക്തമാക്കുന്ന രീതിയിൽ നിന്നും മാറി നിയമം കർശനമായി നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് തയാറാകണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.