സ്റ്റോക്ഹോം: 2022-ലെ സാഹിത്യ നൊബേൽ പുരസ്‌കാരം ഫ്രഞ്ച് സാഹിത്യകാരി ആനി എർണോക്സ് കരസ്ഥമാക്കി. കൃത്യതയോടെയും ധൈര്യത്തോടെയും വ്യക്തിജീവിതത്തിലെ സ്മരണകൾ കൃതികളിലേക്ക് പകർത്തിയതിനാണ് പുരസ്‌കാരം.
നൊബേൽ പുരസ്‌കാര വിവരം ഫോണിലൂടെ ആനിയെ അറിയിക്കാനായില്ലെന്നും ഇവരുമായി ഉടൻ സംസാരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും നൊബേൽ കമ്മിറ്റിയെ ഉദ്ധരിച്ച് ദ ഗാർഡിയൻ റിപ്പോർട്ടു ചെയ്തു. നൊബേൽ പുരസ്‌കാരം ലഭിക്കുന്ന 16-ാമത്തെ ഫ്രഞ്ച് എഴുത്തുകാരിയാണ് ആനി എർണോക്സ്.
82 വയസുള്ള എർണോക്സ് ലഘുഭാഷയിൽ ആത്മകഥാപരമായ രചനകളാണ് കൂടുതലും പ്രസിദ്ധീകരിച്ചിട്ടുള്ളത്. സമൂഹത്തിലെ വർഗ വേർതിരിവുകളും മാനുഷിക വികാരങ്ങളും എർണോക്സ് തന്റെ രചനകളിലൂടെ വരച്ചുകാട്ടിയിട്ടുണ്ട്.
നൊബേൽ ഫലകത്തിനൊപ്പം എർണോക്സിന് 10 മില്യൺ സ്വീഡിഷ് ക്രൗൺ(9,14,704 ഡോളർ) സമ്മാനത്തുകയും ലഭിക്കും.
നോർമാൻഡിയിലെ ചെറുനഗരമായ യെടോടിൽ 1940 ജനിച്ച ആനി റൂവൻ യൂണിവേഴ്‌സിറ്റിയിലാണ് പഠിച്ചത്. 1974ൽ പ്രസിദ്ധീകരിച്ച ലെസ് ആർമറീസ് വിഡെസ് (ക്ലീന്‍ഡ് ഔട്ട്) ആദ്യ പുസ്തകം. 1988ൽ പുറത്തിറങ്ങിയ നാലാമത്തെ പുസ്തകം ലാ പ്ലേസ് (എ മാൻസ് പ്ലേസ്) ആണ് സാഹിത്യജീവിതത്തിൽ വഴിത്തിരിവായത്.
സമകാലിക ഫ്രഞ്ചിലെ ക്ലാസിക് കൃതി ആയാണ് ഇതറിയപ്പെടുന്നത്. ഇവരുടെ ആത്മകഥ ദ ഇയേഴ്‌സ് 2019ലെ മാൻ ബുക്കർ അന്താരാഷ്ട്ര പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. ആലിസൺ എൽ സ്‌ട്രേയറാണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.