പഞ്ചസാര കയറ്റുമതിയില്‍ റെക്കോര്‍ഡുമായി ഇന്ത്യ. ‘ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യമായി ഇന്ത്യ ഉയര്‍ന്നു. പഞ്ചസാരയുടെ ഉപഭോക്താവും ലോകത്തിലെ രണ്ടാമത്തെ വലിയ കയറ്റുമതിക്കാരും കൂടിയാണ് ഇന്ത്യ’ എന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് 5000 ലക്ഷം ടണ്ണിലധികം കരിമ്പ് ഉല്‍പ്പാദിപ്പിച്ചു. ഇതില്‍ പഞ്ചസാര മില്ലുകള്‍ ഏകദേശം 3,574 ലക്ഷം ടണ്‍ കരിമ്പ് ചതച്ച് 394 ലക്ഷം ടണ്‍ പഞ്ചസാര ഉത്പാദിപ്പിച്ചു.
2021-22 വിപണന വര്‍ഷത്തില്‍ ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി 57 ശതമാനം വര്‍ധിച്ച് 109.8 ലക്ഷം ടണ്ണായി. പഞ്ചസാര വിപണന വര്‍ഷം ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. കയറ്റുമതി വര്‍ധിച്ചതിനാല്‍ ഇന്ത്യക്ക് ഏകദേശം 40,000 കോടി രൂപയുടെ നേട്ടമുണ്ടായിട്ടുണ്ട്. 2021-22 വിപണന വര്‍ഷാവസാനം കര്‍ഷകരുടെ കുടിശ്ശിക 6,000 കോടി രൂപ മാത്രമായിരുന്നു. മൊത്തം കുടിശ്ശികയായ 1.18 ലക്ഷം കോടി രൂപയില്‍ 1.12 ലക്ഷം കോടി രൂപ പഞ്ചസാര മില്ലുകള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു.പഞ്ചസാര മില്ലുകള്‍ 359 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പാദിപ്പിച്ചു. ഇന്ത്യന്‍ പഞ്ചസാര വ്യവസായത്തിന് ഈ സീസണ്‍ ചരിത്രപരമാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.