സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ വിരളമായിരിക്കും. പക്ഷെ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, എനിക്ക് വരില്ല എന്ന അമിതവും അടിസ്ഥാന രഹിതവുമായ ആത്മവിശ്വാസം കൈമുതലായുള്ളതിനാലായിരിക്കണം ലക്ഷണങ്ങളെ അവഗണിക്കുകയോ, അനിവാര്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാതിരിക്കുകയോ ചെയ്യുകയാണ് മഹാഭൂരിപക്ഷം പേരുടേയും ശൈലി. ഇത്തരം അലസതകള്‍ കൊണ്ട് മാത്രം സംഭവിക്കുന്ന പ്രത്യാഘാതങ്ങളാണ് ചികിത്സാ സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിനെതിരായ പോരാട്ടത്തിനായാണ് ഓരോ വര്‍ഷവും ഒരു മാസം നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പരിപാടികള്‍ പിങ്ക് ഒക്ടോബര്‍ എന്ന പേരില്‍ ലോകമെങ്ങും സംഘടിപ്പിക്കുന്നത്.
സ്തനാര്‍ബുദം ഇന്ത്യയില്‍
ഇന്ത്യയില്‍ സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് സ്തനാര്‍ബുദം തന്നെയാണ്. ഒരുലക്ഷം സ്ത്രീകളില്‍ 25.8 പേര്‍ക്ക് ഇന്ത്യയില്‍ സ്്തനാര്‍ബുദം ബാധിക്കുന്നു എന്നാണ് കണക്ക്. എന്നാല്‍ ഈ അസുഖം മൂലമുള്ള മരണനിരക്ക് രോഗവ്യാപന തോതിന്റെ ഏതാണ്ട് പകുതി മാത്രമേയുള്ളൂ (12.7). മുകളില്‍ പറഞ്ഞത് പോലെ കൃത്യസമയത്ത് രോഗനിര്‍ണ്ണയവും ചികിത്സയും നടത്താത്തത് മൂലമാണ് ഇത്രയെങ്കിലും മരണനിരക്ക് കാണപ്പെടുന്നത് എന്ന യാഥാര്‍ത്ഥ്യം കൂടി നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതായിട്ടുണ്ട്. കേരളത്തിലും സ്ത്രീകളെ ബാധിക്കുന്ന പ്രധാനപ്പെട്ട കാന്‍സര്‍ സ്തനാര്‍ബുദം തന്നെയാണ്. എന്നാല്‍ രോഗവ്യാപന നിരക്ക് ഒരു ലക്ഷം സ്ത്രീകളില്‍ 30നും 35നും ഇടയിലാണ്.
കാരണങ്ങള്‍ എന്തെല്ലാമാണ്?
ഏതെങ്കിലും നിശ്ചിതമായ ഒറ്റക്കാരണം മാത്രം സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്നതായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. പലതരത്തിലുള്ള കാരണങ്ങള്‍ ഇതിന് ഇടയാക്കുന്നതായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്തനാര്‍ബുദം കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളില്‍ തന്നെയാണ്. ഇതിനുള്ള ഒരു പ്രധാന കാരണം സ്ത്രീ ഹോര്‍മോണുകളായ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നിവയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ്.
ജീവിതശൈലിയിലെ വ്യതിയാനം സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. സ്തനാര്‍ബുദം എന്ന് മാത്രമല്ല ഒട്ടുമിക്ക അര്‍ബുദ രോഗങ്ങള്‍ക്കും പ്രധാനപ്പെട്ട ഒരു കാരണം കൂടിയാണ് ജീവിത ശൈലിയിലുള്ള വ്യതിയാനം. നിരവധിയായ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വരവോടെ വീട്ടിനുള്ളിലുള്ള ആയാസമുള്ള ജോലികളും മറ്റും കുറയുകയും വ്യായാമമില്ലാതെ വരികയും ചെയ്യുന്നതും, ജംഗ് ഫുഡുകളും കോള ഉല്‍പ്പന്നങ്ങളും അമിതമായി ഉപയോഗിക്കുന്നതുമെല്ലാം ജീവിത ശൈലിയിലെ മാറ്റങ്ങള്‍ക്ക് ഉദാഹരണമാണ്.
അമിതവണ്ണമുള്ളവരിലും സ്തനാര്‍ബുദ സാധ്യത കൂടുതലാണ്. ഇതിന് പുറമെയാണ് മുലയൂട്ടാത്ത അമ്മമാരില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലായി കാണുന്നത്. ആര്‍ത്തവം നേരത്തെയാവുക, ആര്‍ത്തവ വിരാമം വൈകുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള ആര്‍ത്തവ സംബന്ധമായ വ്യതിയാനങ്ങളും സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്നു. അപൂര്‍വ്വമായെങ്കിലും ചിലരില്‍ പാരമ്പര്യമായും സ്തനാര്‍ബുദം പ്രത്യക്ഷപ്പെടാറുണ്ട്.
ലക്ഷണങ്ങള്‍
വളരെ പെട്ടെന്ന് ശ്രദ്ധയില്‍ പെടുന്ന ലക്ഷണങ്ങളാണ് സ്തനാര്‍ബുദത്തില്‍ കാണപ്പെടുന്നത്. അല്‍പ്പം ശ്രദ്ധപുലര്‍ത്തിയാല്‍ ഇത് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. മുഴകള്‍ തന്നെയാണ് ലക്ഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. വേദനയുള്ളതോ ഇല്ലാത്തതോ ആയ മുഴകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഗൗരവത്തോടെ തന്നെ സമീപിക്കണം. ചിലരില്‍ സ്തനങ്ങളില്‍ കാണപ്പെടുന്ന കല്ലിപ്പുകളും അര്‍ബുദ ലക്ഷണമായിരിക്കാറുണ്ട്. സ്തനങ്ങളിലെ വേദന, തൊലിപ്പുറത്തെ നിറത്തിലുണ്ടാകുന്ന വ്യത്യാസം, മുലഞെട്ട് അകത്തേക്ക് വലിഞ്ഞ് പോവുക, സ്തനത്തില്‍ നിന്ന് രക്തസ്രവം ഉണ്ടാവുക, നിറമുള്ളതോ അല്ലാത്തതോ ആയ ദ്രാവകം പുറത്ത് വരിക, കക്ഷത്തിലോ കഴുത്തിലോ മുഴകള്‍ കാണപ്പെടുക മുലായവയും സ്തനാര്‍ബുദ ലക്ഷണങ്ങളാണ്. ലക്ഷണങ്ങളിലേതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ വിദഗ്ദ്ധ ഡോക്ടറെ സന്ദര്‍ശിച്ച് ചികിത്സ ആരംഭിക്കണം.
ചികിത്സ
വിവിധങ്ങളായ രോഗനിര്‍ണ്ണയ പരിശോധനകളിലൂടെ സ്തനാര്‍ബുദമാണെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് തന്നെ ചികിത്സ ആരംഭിക്കണം. രോഗത്തിന്റെ അവസ്ഥ അനുസരിച്ചാണ് ചികിത്സ നിര്‍ണ്ണയിക്കപ്പെടുക. ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാരണം കൃത്യമായി ചികിത്സിച്ചാല്‍ ഏറ്റവും ഫലപ്രദമായി ഭേദമാക്കാന്‍ സാധിക്കുന്ന രോഗമാണ് സ്തനാര്‍ബുദം എന്നതാണ്. ഡോക്ടറുടെ നിര്‍ദ്ദേശത്തെ കൃത്യമായി പിന്‍തുടരുക നിര്‍ബന്ധമാണ്. ഇടയ്ക്ക് നിര്‍ത്തുകയോ മറ്റ് ചികിത്സാ രീതികള്‍ തേടിപ്പോവുകയോ ചെയ്യുകയും പിന്നീട് തിരിച്ച് വന്ന് ചികിത്സ തുടരുകയും ചെയ്യുന്നത് ഗുണകരമാവുകയില്ല.
സ്തനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ചെറിയ മുഴകളാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ സാധിക്കും. എന്നാല്‍ മറ്റ് ശരീര ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കില്‍ ചികിത്സ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ഇത്തരം ഘട്ടത്തില്‍ ശസ്ത്രക്രിയയും, ചിലപ്പോള്‍ അതിനോടൊപ്പമോ മുന്‍പോ ശേഷമോ റേഡിയോഷന്‍, കീമോതെറാപ്പി മുതലായ ചികിത്സകളും ആവശ്യമായി വരും. ചില സന്ദര്‍ഭങ്ങളില്‍ ശസ്ത്രക്രിയ ഇല്ലാതെ കീമോതെറാപ്പിയോ റേഡിയേഷനോ മാത്രമായും സ്വീകരിക്കാറുണ്ട്.
ചില സന്ദര്‍ഭങ്ങളില്‍ സ്തനം പൂര്‍ണ്ണമായോ ഭാഗികമായോ നീക്കം ചെയ്യേണ്ടി വരാറുണ്ട്. എന്നാല്‍ ചികിത്സാ മേഖലയില്‍ സംഭവിച്ച പുരോഗതികളുടെ ഭാഗമായി മുന്‍കാലങ്ങളില്‍ നിന്ന് അപേക്ഷിച്ച് സ്തനത്തിന്റെ ആകൃതിയും വലുപ്പവും നിലനിര്‍ത്തിക്കൊണ്ട് നിര്‍വ്വഹിക്കാവുന്ന ശസ്ത്രക്രിയാ രീതികള്‍ നിലവില്‍ വന്നിട്ടുണ്ട്. മാത്രമല്ല പ്ലാസ്റ്റിക് സര്‍ജറികളുടേയും മറ്റും സഹായത്തോടെ മികച്ച രീതിയില്‍ സ്തനത്തിന്റെ ആകൃതി നിലനിര്‍ത്താനും സാധിക്കുന്നുണ്ട്.
ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി,
ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം
കൂടുതൽ വിവരങ്ങൾക്ക് : 8137000709