കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ നിന്ന് പുനഃരാരംഭിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കും. ജക്കന്നഹള്ളിയിലെത്തിയ സോണിയ ഉടന്‍ തന്നെ പാണ്ഡവപുര താലൂക്കില്‍ നിന്ന് രാവിലെ 6.30 ന് ആരംഭിച്ച യാത്രയില്‍ ചേരും. വൈകിട്ട് 7 മണിയോടെ നാഗമംഗല താലൂക്കില്‍ യാത്ര സമാപിക്കും.പദയാത്രയ്ക്കുശേഷം ബ്രഹ്‌മദേവരഹള്ളിയില്‍ പൊതുസമ്മേളനം നടക്കും. നാഗമംഗല താലൂക്കിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിക്ക് എതിര്‍വശത്തുള്ള മഡകെ ഹൊസുരു ഗേറ്റിലാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കുക.
ഇതാദ്യമായാണ് കോണ്‍ഗ്രസ് അധ്യക്ഷ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതും ആദ്യമായാണ്.
സെപ്റ്റംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേരള അതിര്‍ത്തിയായ ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ട്ലുപേട്ട് വഴി കര്‍ണാടകയിലേക്ക് പ്രവേശിച്ചത്. കര്‍ണാടകയില്‍ 21 ദിവസം തുടരുന്ന യാത്ര 511 കിലോമീറ്റര്‍ താണ്ടും. ചാമരാജനഗര്‍, മൈസൂരു, മാണ്ഡ്യ, തുംകുരു, ചിത്രദുര്‍ഗ, ബല്ലാരി, റായ്ച്ചൂര്‍ ജില്ലകള്‍ യാത്രയില്‍ ഉള്‍പ്പെടും.