ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ കൊടുമുടിയിൽ ഹിമപാതത്തിൽ പെട്ട് കാണാതായവർക്കുള്ള തിരച്ചിൽ വീണ്ടുമാരംഭിച്ചു.കാലാവസ്ഥ മെച്ചപ്പെട്ടതിനാൽ നിർത്തിവെച്ച രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. പർവതാരോഹക സംഘത്തിലെ 15 പേരെ രക്ഷപ്പെടുത്തി. അഞ്ചുപേരെ ഉത്തരകാശി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നിസാര പരുക്കുകളേറ്റ പത്തുപേരെ വീട്ടിലേക്ക് തിരിച്ചയച്ചു. 27 പർവ്വതാരോഹകർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.
ഉത്തരകാശി ആസ്ഥാനമായുള്ള നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിലെ ഒരു കൂട്ടം പർവ്വതാരോഹകരാണ് ഹിമപാതത്തിൽപ്പെട്ടത്. രണ്ട് ഇൻസ്ട്രക്ടർമാരും ട്രെയിനികളും ഉൾപ്പെടെ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
15 ദിവസത്തിനുള്ളിൽ എവറസ്റ്റും മകാലു കൊടുമുടിയും കീഴടക്കി ദേശീയ റെക്കോർഡ് നേടിയ പർവതാരോഹക സവിത കൻസ്വാളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഉത്തരാഖ്ഡ് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മരണം സ്ഥിരീകരിച്ചു. ഭുക്കി ഗ്രാമത്തിൽ നിന്നുള്ള മറ്റൊരു ഇൻസ്ട്രക്ടർ നൗമി റാവത്തും മരിച്ചു. മറ്റ് രണ്ട് മൃതദേഹങ്ങൾ ട്രെയിനികളുടേതാണ്, അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.