പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തനിക്കു ജനതാദൾ (യു) അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തെന്നു തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ജെഡിയുവിലേക്കു മടങ്ങാൻ താൽപര്യമില്ലെന്നു നിതീഷിനു മറുപടി നൽകിയതായും പ്രശാന്ത് കിഷോർ വെളിപ്പെടുത്തി.
ജൻ സുരാജ് പ്രസ്ഥാനത്തിന്റെ ജനസമ്പർക്ക പരിപാടിയിൽ ബിഹാറിൽ 3500 കിലോമീറ്റർ പദയാത്ര നടത്താനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജെഡിയു അധ്യക്ഷൻ ലലൻ സിങ് കഴിഞ്ഞ ദിവസം തനിക്കെതിരെ നടത്തിയ രൂക്ഷ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു പ്രശാന്ത് കിഷോർ. ജൻ സുരാജ് പദയാത്രയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷണം നടത്തണമെന്നു ലലൻ സിങ് ആവശ്യപ്പെട്ടിരുന്നു. പ്രശാന്ത് കിഷോറിനെ ‘വെറും ദല്ലാളും തട്ടിപ്പുകാരനു’മാണെന്നും ലലൻ സിങ് ആക്ഷേപിച്ചു.