ലഹരി താരങ്ങൾക്ക് മാത്രം കിട്ടുന്ന സാധനമല്ലെന്നും ലഹരി ഉപയോഗം ഒട്ടും ഗുണകരമോ അനുകൂലിക്കേണ്ടതോ ആയ കാര്യമല്ലെന്നും നടൻ മമ്മൂട്ടി. സിനിമാ മേഖലയിൽ ലഹരി ഉപയോഗം വർധിക്കുന്നു എന്ന ആരോപണത്തിൽ ആണ് താരത്തിന്റെ പ്രതികരണം. പുതിയ ചിത്രം റൊഷാക്കിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ലഹരി താരങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന സാധനമല്ല. എല്ലാവര്‍ക്കും കിട്ടുന്നുണ്ട്. ലഹരി ഉപയോഗം ഒട്ടും ഗുണകരമോ അനുകൂലിക്കേണ്ടതോ ആയ കാര്യമല്ല. അത് സിനിമയില്‍ ആയാലും പുറത്തായാലും. ജീവന് അപകടകരമായ ഒരു കാര്യമാണ്. ഇതൊക്കെ ഇവിടെ ലഭ്യമാണ്. ഇവിടെ ലഹരി ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഒരു ബോര്‍ഡ് എഴുതി വയ്ക്കാം, അല്ലാതെ നമ്മുക്ക് എന്ത് ചെയ്യാനാകും. ഇത്രയും കള്ള് ഷാപ്പ് വച്ചിട്ട് മദ്യനിരോധനം പറയാന്‍ പറ്റുമോ. അതൊക്കെ വളരെ ഗൗരവമായി ആളുകള്‍ ആലോചിക്കേണ്ട കാര്യമാണ്. പ്രൊഡ്യൂസര്‍മാരോ അഭിനേതാക്കളോ പറഞ്ഞിട്ടല്ല, അവരവര്‍ ആലോചിക്കണം. നമ്മുടെ സമൂഹത്തില്‍ ഇത് വേണോ, സമൂഹത്തിന് ദ്രോഹമുണ്ടോ, ഇത് പ്രൊമോട്ട് ചെയ്യണോ എന്നുള്ളതൊക്കെ സമൂഹം തന്നെ ആലോചിക്കണം. ഒറ്റ തിരിഞ്ഞ് ആള്‍ക്കാര്‍ അവിടെ നിന്ന് പറഞ്ഞുകൊണ്ട് ഒരു കാര്യത്തിലും നേട്ടമുണ്ടാകുന്നില്ല’എന്നും മമ്മൂട്ടി പറഞ്ഞു.
















