തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പുതിയ ദേശീയ പാർട്ടി പ്രഖ്യാപിച്ചു. മുഹൂർത്തം നോക്കിയാണ് പാർട്ടിയുടെ പ്രഖ്യാപനം നടത്തിയത്. ഭാരത രാഷ്ട്ര സമിതി എന്നാണ് പാർട്ടിയുടെ പേര്. 2024ലെ പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ദേശീയ പാർട്ടിയുടെ രൂപീകരണം.
ഇന്ന് ഉച്ചയ്ക്ക് തെലങ്കാന രാജ്ഭവനിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പാർട്ടി അദ്ധ്യക്ഷൻ കെസിആർ പേരുമാറ്റം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. 283 അംഗങ്ങൾ പുതിയ പേരിന് ഏകകണ്ഠമായി അംഗീകാരം നൽകുകയായിരുന്നു. നൂറിലധികം പേരുകൾ പരിശോധിച്ച ശേഷമാണ് പാർട്ടിയുടെ പേര് തിരഞ്ഞെടുത്തത്. ടിആർഎസിനെ ദേശീയ പാർട്ടിയായി ഭാരത് രാഷ്ട്ര സമിതിയാക്കി മാറ്റുന്ന പാർട്ടിയുടെ പൊതുയോഗം പാസാക്കിയ പ്രമേയം പാർട്ടി അധ്യക്ഷൻ കെ ചന്ദ്രശേഖര റാവു യോഗത്തിൽ വായിച്ചു. പതാകയിൽ അതേ കാർ ചിഹ്നം നിലനിൽക്കുമെന്നും എന്നാൽ ഇന്ത്യയുടെ ഭൂപടത്തിന്റെ രൂപരേഖയുണ്ടാകുമെന്നും തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലി പറഞ്ഞു.
പാർട്ടിയുടെ പേര് മാറ്റുന്നത് സംബന്ധിച്ച പ്രമേയത്തിന് അനുമതി തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിക്കും.