രാജ്യത്ത് ജനസംഖ്യാ നയം കൊണ്ടു വരേണ്ടതുണ്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇപ്പോൾ നേരിടുന്നതെന്നും മതാടിസ്ഥാന സമത്വവും നിർബന്ധ മതപരിവർത്തനവും കാരണം രാജ്യത്തിന്റെ സത്വ രൂപം നഷ്ടപ്പെടുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണത്തിനൊപ്പം മതാടിസ്ഥാനത്തിൽ ജനസംഖ്യാ സമത്വവും പ്രാധാന്യം അർഹിക്കുന്നുണ്ട്. ഈ അസമത്വം ഭൂമിശാസ്ത്രപരമായ അതിർ വരമ്പുകളിൽ വരെ വ്യത്യാസം ഉണ്ടാക്കുന്നു. ആവശ്യമായ വിഭവ സമ്പത്തില്ലാതെ ജനസംഖ്യ വർദ്ധിച്ചാൽ അതൊരു ഭാരമാകുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ജനസംഖ്യയിലെ വ്യത്യാസം കാരണം പുതിയ രാജ്യങ്ങൾ രൂപപ്പെട്ടു. രാജ്യങ്ങൾ പിരിഞ്ഞു. ജനന നിരക്ക് രാജ്യത്തിന്റെ ഭാഗമാണ്. എന്നാൽ നിർബന്ധവും വഞ്ചനയും അത്യാഗ്രഹവും മൂലമുള്ള പരിവർത്തനമാണ് അതിന്റെ പ്രധാന ഘടകം. ജനസംഖ്യയിൽ സന്തുലിതാവസ്ഥ പരിപാലിക്കേണ്ടത് രാജ്യ താത്പര്യത്തിന്റെ വീക്ഷണ കോണിൽ അത്യന്താപേക്ഷിതമാണെന്നും സ്വന്തമായി ജോലി ചെയ്യാൻ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകണമെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി .