ഇടുക്കി: മൂന്നാറിൽ പരിഭ്രാന്തി പരത്തിയ കടുവയെ പിടികൂടി. നൈമക്കാട് നിന്നാണ് കടുവയെ പിടികൂടിയത്. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു. രാത്രി എട്ടരമണിയോടെയാണ് കടുവയെ പിടികൂടിയത്. കടുവയുടെ ആരോഗ്യ കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
എവിടേക്ക് കടുവയെ തുറന്നുവിടുമെന്നതാണ് സങ്കീര്‍ണമായ പ്രശ്‌നം. ആരോഗ്യ കാര്യങ്ങള്‍ പരിശോധിക്കുന്ന കമ്മിറ്റി പ്രധാനമായും കണ്ടെത്താന്‍ ശ്രമിക്കുന്നത് കാട്ടിലേക്ക് തുറന്നുവിട്ടാല്‍ സ്വമേധയാ ജീവിക്കാനുള്ള ശേഷി ഉണ്ടോ എന്നതാണ്. മൂന്നാറില്‍ ജനവാസ മേഖലയായതിനാല്‍ തന്നെ അതിനോട് ചേര്‍ന്നുള്ള കാട്ടില്‍ തുറന്ന് വിട്ടാല്‍ വീണ്ടും എത്തിയേക്കുമോ എന്ന ആശങ്കയുണ്ട്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നൈമക്കാട് മാത്രം പത്ത് പശുക്കളെയാണ് കടുവ കൊന്നത്. അതേ തൊഴുത്തിന്റെ അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇര തേടാൻ കടുവ വീണ്ടുമെത്തുമെന്ന നിഗമനത്തില്‍ വനംവകുപ്പ് തൊഴുത്തിനടുത്ത് കൂട് സ്ഥാപിക്കുകയായിരുന്നു. സ്ഥലത്ത് ഡിഎഫ്ഒയുടെ നേതൃത്വത്തിൽ വനപാലകർ ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പെരിയവരെ എസ്റ്റേറ്റ് റോഡിലൂടെ നടന്നുപോകുന്ന കടുവയെ വഴിയാത്രക്കാർ കണ്ടിരുന്നു. ഡ്രോൺ നിരീക്ഷണം നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ മൂലം ഉപേക്ഷിച്ചിരുന്നു.