ചണ്ഡിഗഡ്: പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ പിന്തുണയുള്ള നാർക്കോ-ഭീകരവാദ മൊഡ്യൂൾ തകർത്തതായി പഞ്ചാബ് പൊലീസ്. ഒരു ഭീകരനെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തു.
പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ പിന്തുണയോടെയാണ് സംഘം പ്രവർത്തിച്ചിരുന്നത്. യുവാക്കളെ തീവ്രവാദത്തിനും, മയക്കുമരുന്ന് വ്യാപാരത്തിനും സജ്ജമാക്കുകയാണ് നാർക്കോ-ടെറർ മൊഡ്യൂളുകൾ ചെയ്തിരുന്നത്. കാനഡ, പാകിസ്താൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതികൾ സംയുക്തമായാണ് ഇവ പ്രവർത്തിപ്പിച്ചിരുന്നത്.
തർൺ തരൺ ജില്ലയിലെ രാജോകെ ഗ്രാമവാസിയായ യോഗ്‌രാജ് സിംഗ് എന്നയാളാണ് അറസ്റ്റിലായ പ്രതി. ഇയാളിൽ നിന്നും 2 കിലോ ഹെറോയിൻ, 2 എകെ 56 റൈഫിളുകൾ, 25 വെടിയുണ്ടകൾ, 1 പിസ്റ്റൾ, 6 വെടിയുണ്ടകൾ, 1 ടിഫിൻ ബോംബ് (ഐഇഡി), ഒരു കാർ എന്നിവ കണ്ടെടുത്തു. 5 പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.