ശ്രീനഗർ: ജമ്മു കാഷ്മീരിലെ മൂന്ന് ജനവിഭാഗങ്ങൾക്ക് പട്ടികവർഗ സംവരണം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പഹാരി, ഗുജ്ജർ, ബക്കർവാൽ വിഭാഗങ്ങളെ പട്ടികവർഗ സമൂഹങ്ങളായി കണക്കാക്കുമെന്നും ഇവർക്ക് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സംവരണം ഉറപ്പാക്കുമെന്നുമാണ് വാഗ്ദാനം.
കാഷ്മീരിലെ തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായി രജൗരിയിൽ ബിജെപി നടത്തിയ മഹാസമ്മേളന വേദിയിലാണ് ഷാ ഈ പ്രഖ്യാപനം നടത്തിയത്. സംവരണം നടപ്പിലാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ റിസര്‍വേഷന്‍ നിയമത്തില്‍ ഉടന്‍ ഭേദഗതി വരുത്തും. ലഫ്റ്റനന്റ് ഗവര്‍ണര്‍ ചുമതലപ്പെടുത്തിയ കമ്മീഷന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതാണ് ഇവിടെ ഇത്തരം സംവരണം സാധ്യമാക്കിയത്. ദളിത്, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, പഹാടി എന്നിവര്‍ക്കെല്ലാം അവരുടെ അവകാശങ്ങള്‍ ലഭിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.