ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിലിൽ 10 മരണം. എട്ട് പേരെ രക്ഷപ്പെടുത്തി. 11 പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
ദ്രൗപതി ദണ്ഡ 2 കൊടുമുടിയിലുണ്ടായ ഹിമാപാതത്തിൽ ആകെ 28 പർവതാരോഹകരാണ് കുടുങ്ങിയത്. ഇവരെല്ലാവരും ഉത്തരകാശിയിലെ നെഹ്‌റു മൗണ്ടനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ്.
രാവിലെ ഒമ്പത് മണിയോടെയാണ് സംഘത്തിന് മേൽ ഹിമപാതമുണ്ടായത്. 16,000 അടി ഉയരത്തിൽ വെച്ചാണ് സംഭവം നടന്നത്. ഹിമാലയത്തിലെ ഗംഗോത്രി ശ്രേണിയിലാണ് ദ്രൗപതി ദണ്ഡ കൊടുമുടി സ്ഥിതി ചെയ്യുന്നത്. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയവരെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തിയതായി ദുരിതാശ്വാസ ഉദ്യോഗസ്ഥൻ അറിയിച്ചു. 13000 അടി ഉയരത്തിലുള്ള ഹെലിപാഡിൽ നിന്ന് ഡെറാഡൂണിലേക്കാണ് ഇവരെ കൊണ്ടുപോയത്.
കരസേന, എൻഡിആർഎഫ്, എസ്ടിആർഎഫ്, ഐടിബിപി എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ദാമി അറിയിച്ചു. രക്ഷാപ്രവർത്തനത്തിായി വ്യോമസേനയുടെ രണ്ട് ചീറ്റ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്.
മരണത്തിൽ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് അനുശോചനം രേഖപ്പെടുത്തി.