തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തനിക്കൊപ്പമില്ലെന്ന് ശശിതരൂർ. മുതിർന്ന നേതാക്കൾക്ക് വിവേചനമുണ്ട്. നേതാക്കൾ പക്ഷം പിടിക്കരുതെന്ന നിർദേശമുണ്ടെങ്കിലും വലിയ നേതാക്കളൊന്നും എനിക്കൊപ്പം കാണില്ല. നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ വലിയ നേതാക്കളൊന്നും തന്നെ തനിക്കൊപ്പമുണ്ടായിരുന്നില്ലെന്നും തരൂർ പറഞ്ഞു.
ഔദ്യോഗികമായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഒരു സ്ഥാനാര്‍ഥിയില്ലെന്നും താന്‍ മത്സരിക്കുന്നത് കൊണ്ട് ഒരു ബുദ്ധിമുട്ടും തങ്ങള്‍ക്കില്ലെന്ന് നെഹ്‌റു കുടുംബം തന്നെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
‘തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയാകുന്നതിന് മുമ്പ് താന്‍ രാഹുലിനേയും പ്രിയങ്കയേയും സോണിയ ഗാന്ധിയേയും കണ്ടിരുന്നു. മത്സരിക്കുന്നത് കൊണ്ട് തങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന് അറിയിച്ചു. ഒരു ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ല. അവര്‍ നിഷ്പക്ഷമായിട്ടാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. അതുകൊണ്ട് ധൈര്യത്തോടെ മത്സരിച്ചോളൂവെന്നും പറഞ്ഞു’ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തി തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പാർട്ടി പ്രവർത്തകരുടെ ആഗ്രഹങ്ങളെ മുന്നോട്ട് കൊണ്ടുപോകാനാണ് അധ്യക്ഷ സ്ഥാനത്ത് വേണ്ടി ഞാൻ മത്സരിക്കുന്നത്. ഭാരതം മുഴുവൻ ഇങ്ങനെയുള്ള ആൾക്കാരാണ് എനിക്ക് പിന്തുണ തരുന്നത്. ഞങ്ങൾക്ക് ഒരു മാറ്റം വേണം. നിങ്ങൾ നിൽക്കണം. ഒരിക്കലും പിൻവലിക്കരുത്. എല്ലാ വിധത്തിലും ഞങ്ങളുടെ പിന്തുണയുണ്ടാകുമെന്നു പറഞ്ഞാണ് ആളുകൾ വിളിക്കുന്നത്. അവരുടെ വിശ്വാസത്തെ ഞാൻ ഒരിക്കലും തകർക്കില്ല – തരൂർ പറഞ്ഞു.
പാർട്ടിയുടെ അകത്ത് ജനാധിപത്യം ഉണ്ടാവണം എന്ന് വിശ്വാസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. രാഹുൽ ഗാന്ധിയും അങ്ങനെതന്നെയാണ് വിശ്വസിക്കുന്നത്. അദ്ദേഹം പത്ത് വർഷം മുമ്പ് തന്നെ പറയാൻ തുടങ്ങിയ ഒരു കാര്യമാണ് പാർട്ടിയിൽ തെരഞ്ഞെടുപ്പ് വേണം എന്നത്. ഈ തീരുമാനം പാർട്ടിക്ക് ഗുണമേ ചെയ്യൂ. കോൺഗ്രസ് പാർട്ടിയുടെ ഒരു ശക്തിയാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.