ഉത്തരാഖണ്ഡിലെ ഹിമപാതത്തെ തുടർന്ന് ദ്രൗപതി ദണ്ഡ കൊടുമുടിയിൽ നിരവധി പേർ കുടുങ്ങുക്കിടക്കുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 23നാണ് സംഘം ഉത്തരകാശിയിൽ നിന്ന് മലകയറ്റത്തിനായി പുറപ്പെട്ട 20ൽ അധികം പേർ കുടുങ്ങി കിടക്കുന്നുവെന്ന് പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. ജില്ലാ ഭരണകൂടം, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ആർമി, ഐടിബിപി ഉദ്യോഗസ്ഥർ ദ്രുതഗതിയിലുള്ള ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്.
ആദ്യ ഘട്ടത്തിൽ എട്ട് പേരെ രക്ഷപെടുത്തിയതായി ഡിജിപി അറിയിച്ചു. ഉത്തരകാശിയിലെ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗിൽ നിന്നുള്ള 40 പേരടങ്ങുന്ന ട്രക്കിംഗ് ഗ്രൂപ്പിൽ നിന്നുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. കൂടാതെ പർവതാരോഹകരും 15 ഓളം പരിശീലകരും ഉൾപ്പെടുന്നു.
സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ദ്രൗപതി ദണ്ഡ-2 പർവതശിഖരത്തിലെ ഹിമപാതത്തിൽ കുടുങ്ങിയ ട്രെയിനികളെ എത്രയും വേഗം രക്ഷപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.