തിരുവനന്തപുരം: പാര്‍ട്ടിയില്‍ വിഭാഗീയതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഥകള്‍ മെനഞ്ഞവര്‍ക്ക് നിരാശപ്പെടേണ്ടി വന്നെന്ന് മാധ്യമങ്ങളെ കാനം വിമര്‍ശിച്ചു. സിപിഐ വേറിട്ട പാര്‍ട്ടിയാണ്. ജനാധിപത്യപരമായി അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടിയെ ഐക്യത്തോടെ നയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
പാർട്ടി സഖാക്കൾ അവരവരുടെ അഭിപ്രായങ്ങൾ അറിയിക്കുന്നത് തെറ്റായി കാണാനാവില്ല. ഇത് അടിമത്തത്തിന്റെ യുഗമല്ല. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ മാത്രമല്ല, അതിന്റെ സംഘടനാപരമായ ഐക്യം ഉറപ്പിക്കാനും തിരുവനന്തപുരം സമ്മേളനത്തിന് കഴിഞ്ഞെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രനിത് മൂന്നാം ഊഴമാണ്. സമവായത്തിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. കെഇ ഇസ്മയിലാണ് കാനത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. പന്ന്യന്‍ രവീന്ദ്രന്‍ പിന്തുണച്ചു.
അതേസമയം, പ്രായപരിധി കഴിഞ്ഞതിനാല്‍ സി ദിവാകരനും കെഇ ഇസ്മയിലും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായി. വാഴൂര്‍ സോമനും സംസ്ഥാന കൗണ്‍സിലില്‍ ഇല്ല.