അധ്യക്ഷ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കോണ്‍ഗ്രസ്. ഒക്ടോബര്‍ 17നാണ് തിരഞ്ഞെടുപ്പ് നടക്കുക.മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ മത്സര രംഗത്ത് . ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായാണ് ഖാര്‍ഗെയെ കാണുന്നത്. ഒരു സ്ഥാനാര്‍ത്ഥിക്കെതിരെയും അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, പ്രദേശ് റിട്ടേണിംഗ് ഓഫീസര്‍ (പിആര്‍ഒ) അതത് പിസിസികളുടെ പോളിങ് ഓഫീസറായിരിക്കും, കൂടാതെ പോളിങ് സ്റ്റേഷനുകളില്‍ തിരഞ്ഞെടുപ്പ് കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അവര്‍ ഉത്തരവാദിയായിരിക്കും. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടുചെയ്യുമ്പോള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയോ ശശി തരൂരിനെയോ തിരഞ്ഞെടുക്കാന്‍ പ്രതിനിധികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്.
എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ അല്ലെങ്കില്‍ ചുമതലയുള്ളവര്‍, സെക്രട്ടറിമാര്‍ അല്ലെങ്കില്‍ ജോയിന്റ് സെക്രട്ടറിമാര്‍, പിസിസി പ്രസിഡന്റുമാര്‍, സിഎല്‍പി നേതാക്കള്‍, ഡിപ്പാര്‍ട്ട്മെന്റ് മേധാവികള്‍, വക്താക്കള്‍ എന്നിവര്‍ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്താന്‍ പാടില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
സംസ്ഥാന യൂണിറ്റ് പ്രസിഡന്റുമാര്‍ സ്ഥാനാര്‍ത്ഥിക്കായി യോഗങ്ങള്‍ വിളിക്കാന്‍ പാടില്ല, എന്നാല്‍ പിസിസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കായി ഒരു മീറ്റിങ് ഹാളും കസേരകളും മറ്റ് ഉപകരണങ്ങളും എത്തിച്ച് നല്‍കാന്‍ അനുവാദമുണ്ട്. യോഗം സംഘടിപ്പിക്കുന്നത് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്നവന്നവരുടെ ചുമതലയാണെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. തിരഞ്ഞെടുപ്പു വേളയില്‍ വോട്ടര്‍മാരെ കൊണ്ടുപോകാന്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള അസഭ്യമായ പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നതിനോ സ്ഥാനാര്‍ത്ഥികളെ വിലക്കിയിട്ടുണ്ട്.ഈ നടപടിക്രമങ്ങള്‍ പാലിക്കാത്ത സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് അസാധുവാക്കുകയും അച്ചടക്ക നടപടിക്ക് അവരെ ബാധ്യസ്ഥരാക്കുകയും ചെയ്യുമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.