ഡൽഹി:പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ മൂന്ന് ഓഫീസുകൾ സീൽ ചെയ്തു. യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഷഹീൻ ബാഗ് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജെയ്ദ് അപ്പാർട്ട്മെന്റിന്റെ താഴത്തെ നില, അബു ഫസൽ എൻക്ലേവ് ജാമിയ നഗറിലെ ഹിലാൽ വീടിന്റെ താഴത്തെ നില, തെഹ്രി മൻസിൽ ജാമിയ എന്നിവ യുഎപിഎ സെക്ഷൻ 8 പ്രകാരം സീൽ ചെയ്തു.
സെപ്തംബർ 27നാണ് പോപ്പുലർ ഫ്രണ്ടിനും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത്. അഞ്ച് വർഷത്തേയ്ക്കാണ് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇസ്ലാമിക സംഘടനയ്ക്ക് ഐസിസ് പോലുള്ള ആഗോള ഭീകര ഗ്രൂപ്പുകളുമായി ‘ബന്ധം’ ഉണ്ടെന്നും രാജ്യത്ത് വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് നിരോധനം.
റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, കേരള എന്നീ എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
















