ആലപ്പുഴ:ആലപ്പുഴയിലെ ബിജെപി പ്രാദേശിക നേതാവ് ബിന്ദുമോനെ കൊന്നത് താനല്ലെന്നു സംഭവത്തിൽ അറസ്റ്റു ചെയ്യപ്പെട്ട മുത്തുകുമാർ. അന്ന് തങ്ങൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരാണ് കൊല നടത്തിയതെന്നും മുത്തുകുമാർ പറഞ്ഞു. കൊല നടക്കുന്ന ദിവസം തനിക്കും ബിന്ദുമോനോടുമൊപ്പം മദ്യപിക്കാനുണ്ടായിരുന്ന രണ്ടുപേരാണ് കൊല നടത്തിയതെന്നാണ് മുത്തുകുമാർ പറയുന്നത്. വീട്ടിൽ സംഘംചേർന്ന് മദ്യപിക്കുമ്പോൾ ഫോൺ വന്നതിനെത്തുടർന്ന് താൻ മുറ്റത്തിറങ്ങിയ സമയത്തായിരുന്നു കൊലയെന്നും മുത്തുകുമാർ പറഞ്ഞു. കൊല നടത്തിയവർ തന്നെ ഭീഷണിപ്പെടുത്തിയതോടെയാണ് അയൽവീട്ടിൽ നിന്ന് തൂമ്പയും കമ്പിപ്പാരയും വാങ്ങിപ്പിച്ചതെന്നും മൃതദേഹം അടുക്കളയ്ക്ക് പിന്നിലെ ഷെഡിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തതെന്നും ഇയാൾ പറഞ്ഞു. അതേസമയം, കൃത്യത്തിൽ പങ്കാളികളായെന്നു കരുതുന്ന കോട്ടയം, വാകത്താനം സ്വദേശികളായ ബിബിൻ, ബിനോയ് എന്നിവർ കോയമ്പത്തൂരിൽ കസ്റ്റഡിയിലായെന്ന സൂചനകളും ഉണ്ട്.
സംഭവദിവസം രാവിലെയുള്ള മുത്തുകുമാറിൻ്റെ പ്രവർത്തികൾ കൊണ്ട് തന്നെ മുത്തുകുമാറിൻ്റെ മൊഴി പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. സംഭവം നടക്കുന്നതിൻ്റെ അന്നു രാവിലെ മക്കളെ മുത്തുകുമാർ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഇത് കരുതിക്കൂട്ടിയുള്ള കൊലയാണെന്നാണ് സംശയിക്കുന്നത്. ഒന്നുകിൽ മുത്തുകുമാർ ബിന്ദു മോനെ കൊലചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു, അല്ലെങ്കിൽ മറ്റു പ്രതികൾക്കൊപ്പം ചേരുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.
മുത്തുകുമാർ പരസ്പരവിരുദ്ധമായ മൊഴിയാണ് നൽകുന്നതെന്നും മറ്റ് രണ്ടുപേർക്കൊപ്പം ചോദ്യം ചെയ്താലേ വ്യക്തത വരികയുള്ളുവെന്നും ചങ്ങനാശ്ശേരി ഡിവെെഎസ്︋പി സി.ജി.സുനിൽകുമാർ പറഞ്ഞു.