ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ലൈറ്റ് കോമ്പറ്റ് ഹെലികോപ്റ്ററുകൾ (എൽ.സി.എച്) ഇന്ന് വ്യോമസേനക്ക് കൈമാറും. രാജസ്ഥാനിലെ ജോധ്പുരിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വ്യോമസേന മേധാവി വി.ആർ ചൗധരി തുടങ്ങിയവരുടെ സാന്നിധ്യത്തിലാകും ഹെലികോപ്റ്ററുകളുടെ കൈമാറ്റം. പുതിയ ഹെലികോപ്റ്ററുകൾ വ്യോമസേനയുടെ യുദ്ധവീര്യത്തെ ഉത്തേജിപ്പിക്കുമെന്ന് രാജ്‌നാഥ് സിങ് ട്വിറ്ററിൽ കുറിച്ച്.
എല്ലാ കാലാവസ്ഥയിലും യുദ്ധം ചെയ്യാനുള്ള കഴിവ്, ഉയരങ്ങളിൽ മികച്ച പ്രകടനം, വേഗത്തിൽ അനായാസം ചലിക്കാനുള്ള കഴിവ്, വെടിയുണ്ടകളിൽ നിന്നും മിസൈലുകളിൽ നിന്നുമുള്ള സംരക്ഷണം, രാത്രികാല ആക്രമണങ്ങൾക്കുള്ള കഴിവ് തുടങ്ങിയവയാണ് എൽ.സി.എച്ചുകളുടെ പ്രധാന സവിശേഷതകൾ. 5.8 ടൺ ഭാരമുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററുകൾ ഇതിനകം തന്നെ വിവിധ ആയുധ പരീക്ഷണങ്ങൾ പൂർത്തിയാക്കി.