അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്. വൈകിട്ട് മൂന്നിന് പയ്യാമ്പലത്ത് വെച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ. രാവിലെ പതിനൊന്ന് മണിവരെ കോടിയേരി ഈങ്ങയിൽപീടികയിലെ വസതിയിൽ പൊതുദർശനം തുടരും. തുടർന്ന് വിലാപയാത്രയായി കണ്ണൂരിലേക്ക് മൃതദേഹം കൊണ്ട് പോവും. തുടർന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.
തലശ്ശേരി നഗരസഭ ടൗൺ ഹാളിലെ പൊതുദർശനത്തിൽ ഇന്നലെ പതിനായിരങ്ങളാണ് പ്രിയസഖാവിന് അന്തിമോപചാരമർപ്പിക്കാനെത്തിയത്. രാത്രി വൈകിയും ടൗൺ ഹാളിലേക്ക് ജനസഞ്ചയമൊഴുകിയെത്തി. രാഷ്ട്രീയ ജീവിതത്തിൽ കൊടിയേരിയുടെ തോളോട് തോൾ ചേർന്ന് നടന്ന മുഖ്യമന്ത്രി പിണറായി വിജയനട ക്കമുള്ള സഹയാത്രികർ ആദ്യാവസാനം ടൗൺ ഹാളിൽ നടന്ന പൊതു ദർശനത്തിൽ പങ്കെടുത്തു.