മുംബൈ: വധഭീഷണിയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയുടെ സുരക്ഷ വര്‍ധിപ്പിച്ചു. താനെയിലെ അദ്ദേഹത്തിന്റെ സ്വകാര്യ വസതിയുടേയും മുംബൈയിലെ ഔദ്യോഗിക വസതിയുടേയും സുരക്ഷ വര്‍ധിപ്പിച്ചു.
ശനിയാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ഷിൻഡെയുടെ ജീവന് ഭീഷണിയുണ്ടെന്ന് തങ്ങൾക്ക് വിവരം ലഭിച്ചതായി സംസ്ഥാന ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റ് (എസ്‌ഐഡി) കമ്മീഷണർ അശുതോഷ് ഡംബ്രെ പറഞ്ഞു.
“അതോടെ ഞങ്ങൾ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു”- ഡംബ്രെയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഇസഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിക്ക് അതോടൊപ്പം അധിക സുരക്ഷയും ഏർപ്പെടുത്തി. മുംബൈയിലെ ഔദ്യോഗിക വസതിയായ ‘വർഷ’യിലും താനെയിലെ സ്വന്തം വീട്ടിലുമാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
ഒക്ടോബര്‍ അഞ്ചിന് ഷിന്ദേയുടെ മുംബൈയില്‍ ദസറ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. റാലിക്കും സുരക്ഷ വര്‍ധിപ്പിക്കുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം കമ്മീഷണര്‍ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി കൂടിയായ ദേവേന്ദ്ര ഫട്‌നാവിസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
അതേസമയം തനിക്ക് ഇത്തരം കാര്യങ്ങളെ കുറിച്ച് ആശങ്കയില്ലെന്ന് ഷിന്ദേ പ്രതികരിച്ചു. ഭയപ്പെടുത്താന്‍ നോക്കേണ്ട, ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. തനിക്ക് അവരെ പരിപൂര്‍ണ വിശ്വാസമുണ്ട്. വധശ്രമത്തിനെത്തുന്നവര്‍ പരാജയപ്പെടും. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഒരു ഭീഷണിക്കും തന്നെ വിലക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.