പാറ്റ്ന: ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാരിന് തിരിച്ചടി. കൃഷിമന്ത്രി സുധാകർ സിംഗ് രാജിവച്ചു. കൃഷി വകുപ്പിലെ അഴിമതിയെ സുധാകർ പരസ്യമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി.
രാജിവെക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് സുധാകർ സിംഗ് പ്രതികരിച്ചില്ല, എന്നാൽ കൃഷി വകുപ്പിലെ ‘ബിജെപി നയങ്ങൾ’ പിന്തുടരുന്നത് തനിക്ക് സുഖകരമല്ലെന്ന് അദ്ദേഹത്തിന്റെ പിതാവും രാഷ്ട്രീയ ജനതാദൾ (ആർജെഡി) സംസ്ഥാന പ്രസിഡന്റുമായ ജഗദാനന്ദ് സിംഗ് പറഞ്ഞു.
രണ്ട് ദിവസം മുമ്പ്, എപിഎംസി (അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റി) നിയമവും ‘മണ്ടി സമ്പ്രദായവും’ (കാർഷിക ഉൽപന്നങ്ങളുടെ മൊത്തക്കച്ചവട വിപണി) റദ്ദാക്കിയത് കർഷക വിരുദ്ധമാണെന്നും അവ പുനഃസ്ഥാപിക്കണമെന്നും കൃഷിമന്ത്രി ആവശ്യപ്പെട്ടിരുന്നു.
മഹാസഖ്യ സർക്കാർ ചുമതലയേറ്റ ശേഷമുള്ള രണ്ടാമത്തെ രാജിയാണിത്. നേരത്തെ നിയമമന്ത്രി കാർത്തിക് കുമാർ രാജിവച്ചിരുന്നു.
2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി ടിക്കറ്റിൽ കൈമൂർ ജില്ലയിലെ രാംഗഢിൽനിന്നാണ് സുധാകർ സിംഗ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുന്നത്.