തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ലാലും മമ്മൂട്ടിയും. സംശുദ്ധ രാഷ്ട്രീയത്തിന്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ നേതാവാണ് കോടിയേരിയെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. വ്യക്തിപരമായി നല്ലൊരു സുഹൃത്തായിരുന്ന കോടിയേരിയുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ടായിരുന്നെന്നും മോഹന്‍ലാല്‍ കുറിച്ചു.
‘പിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികള്‍. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിര്‍വഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീര്‍ഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്‌നേഹനിധിക്ക് കണ്ണീരോടെ വിട’. മോഹന്‍ ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രിയ സുഹൃത്തും അഭ്യുദയകാംഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ.., എന്നാണ് കോടിയേരിയുടെ ചിത്രത്തിനൊപ്പം ഫേസ്ബുക്കില്‍ മമ്മൂട്ടി കുറിച്ചത്.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് കേരളത്തിന്‍റെ പ്രിയ രാഷ്ട്രീയ നേതാവിന്‍റെ അന്ത്യം. 70 വയസ് ആയിരുന്നു. മരണ സമയത്ത് ഭാര്യ വിനോദിനി, മക്കളായ ബിനീഷ്, ബിനോയ് എന്നിവർ അടുത്തുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ, ആനി രാജ എന്നിവർ ആശുപത്രിയിലെത്തിയിട്ടുണ്ട്. സംവിധായകൻ പ്രിയദർശനും മരണവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തി.
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ജന്മാനാടായ കണ്ണൂരിലെത്തിക്കും. കണ്ണൂര്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ നാളെ ഉച്ചമുതല്‍ പൊതുദര്‍ശനമുണ്ടാകും. എയര്‍ ആംബുലന്‍സിലാകും ഭൗതിക ശരീരം കണ്ണൂരിലെത്തിക്കുക. തിങ്കളാഴ്ച മൂന്ന് മണിയോടെ മൃതദേഹം സംസ്‌കരിക്കും. തിരുവനന്തപുരത്ത് പൊതുദര്‍ശനമുണ്ടാകില്ല.