തിരുവനന്തപുരം: സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുതി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിനായി പൂർണമായി സമർപ്പിച്ച ജീവിതത്തിനാണ് തിരശീല വീണതെന്ന് എം ബി രാജേഷ് സന്ദേശത്തില്‍ കുറിച്ചു.
അതുല്യനായ സംഘാടകനും പക്വമതിയായ നേതാവും പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്നു സ. കോടിയേരി. സന്നിഗ്ധ ഘട്ടങ്ങളിൽ യുക്തിഭദ്രതയോടെ ശരിയായ രാഷ്ട്രീയ നിലപാട് അവതരിപ്പിച്ച് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിയമസഭയിലും പുറത്തും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിൽ അസാധാരണമായ പാടവം അദ്ദേഹം പ്രകടിപ്പിച്ചു- രാജേഷ് കുറിച്ചു.
മന്ത്രി എം ബി രാജേഷിന്‍റെ അനുശോചന സന്ദേശം
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
കഴിഞ്ഞ മാസം ചെന്നൈയിൽ പോയി അദ്ദേഹത്തെ കണ്ടിരുന്നു. പൂർണ ആരോഗ്യത്തോടെ അദ്ദേഹം തിരിച്ചു വരുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി അദ്ദേഹം വിട പറഞ്ഞു.
കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിനായി പൂർണമായി സമർപ്പിച്ച ജീവിതത്തിനാണ് തിരശീല വീണത്. അതുല്യനായ സംഘാടകനും പക്വമതിയായ നേതാവും പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്നു സ. കോടിയേരി. സന്നിഗ്ധ ഘട്ടങ്ങളിൽ യുക്തിഭദ്രതയോടെ ശരിയായ രാഷ്ട്രീയ നിലപാട് അവതരിപ്പിച്ച് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിയമസഭയിലും പുറത്തും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിൽ അസാധാരണമായ പാടവം അദ്ദേഹം പ്രകടിപ്പിച്ചു.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് കേരളത്തിലെ ജന നേതാവായി വളർന്നതാണ് കോടിയേരിയുടെ ജീവിതകഥ. അടിയന്തിരാവസ്ഥയെ വെല്ലുവിളിച്ച് പ്രകടനം നടത്തുകയും ജയിലിൽ പോവുകയും ചെയ്ത പോരാളി. വിദ്യാർഥി, യുവജന സംഘടനാ പ്രവർത്തനത്തിൽ എനിക്ക് വലിയ ശക്തിയും പിന്തുണയും അദ്ദേഹം നൽകി. നിരവധി പ്രവർത്തകരെ വളർത്തിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു.