തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മകളുടെ മുന്നില്‍വെച്ച് പിതാവിനെ മര്‍ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സെക്യൂരിറ്റി ജീവനക്കാൻ സുരേഷ് ആണ് അറസ്റ്റിലായത്. തിരുമലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കേസിൽ അഞ്ചു പ്രതികളാണ് ഉള്ളത്. സംഭവത്തിൽ ഇതാദ്യ അറസ്റ്റാണ്. ഇനി നാലുപേരെ കൂടി പിടികൂടാനുണ്ട്. കേസുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെക്ഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പ്രതികളായ കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷെറീഫ്, അസിസ്റ്റന്റ് സിപി മിലന്‍ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.
അതേസമയം കാട്ടാക്കട കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണുവാണ് ജാമ്യാപേക്ഷ തള്ളിയത്. ബസ് കൺസഷൻ പുതുക്കാൻ വന്ന മകളെയും പിതാവിനേയും മർദ്ദിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പ്രതികളിൽ നിന്ന് ശബ്ദവും, ദൃശ്യങ്ങളും ഉൾപ്പെടെയുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിന് പ്രതികളുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരായി.
ഈ മാസം 20നാണ് പൂവച്ചല്‍ പഞ്ചായത്ത് ജീവനക്കാരന്‍ പ്രേമന് മകള്‍ രേഷ്മയുടെ മുന്നില്‍വെച്ച് മര്‍ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്ന് വലിയ വിവാദമായതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു.