ന്യൂഡല്‍ഹി: സോണിയ ഗാന്ധിയെ തന്‍റെ അഭിപ്രായം അറിയിച്ചെന്ന് സച്ചിന്‍ പൈലറ്റ്. രാജസ്ഥാനില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍റിന്‍റേതാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തുടർഭരണം നേടും. കൂട്ടായി അതിനായി പ്രവർത്തിക്കേണ്ടതുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഡല്‍ഹിയിലെ സോണിയയുടെ വസതിയിലെത്തിയാണ് സച്ചിന്‍ കൂടിക്കാഴ്ച്ച നടത്തിയത്.
സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് മത്സരിക്കാനില്ലെന്ന് ഗഹ്‌ലോത് വ്യക്തമാക്കിയിരുന്നു. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ വിമത കലാപത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് താന്‍ മത്സരത്തില്‍നിന്ന് പിന്‍വാങ്ങുന്നതെന്നും രാജസ്ഥാന്‍ വിഷയത്തില്‍ സോണിയയോടു മാപ്പ് പറഞ്ഞതായും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.
അശോക് ഗഹ്‌ലോത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് എത്തുന്ന പക്ഷം സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാനായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. എന്നാല്‍ 2020-ല്‍ വിമതനീക്കം നടത്തി സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കിയ സച്ചിനെ മുഖ്യമന്ത്രിയാക്കാന്‍ അനുവദിക്കില്ല എന്നായിയിരുന്നു ഗഹ്‌ലോത് പക്ഷ എം.എല്‍.എമാരുടെ നിലപാട്. ഇതിനു പിന്നാലെയാണ് അശോക് ഗഹ്‌ലോത്തിന്റെ അധ്യക്ഷസ്ഥാനമത്സരത്തില്‍നിന്നുള്ള പിന്മാറ്റം.
സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍, രാജസ്ഥാന്‍ മുഖ്യ മന്ത്രിസ്ഥാനത്തു തുടരുമോ എന്ന് ഗഹ്‌ലോത്തിനോടു ആരാഞ്ഞിരുന്നു. ഇക്കാര്യം തീരുമാനിക്കേണ്ടത് സോണിയാ ഗാന്ധി ആണെന്നായിരുന്നു അപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി.