കൊച്ചി : ആലുവ മാർത്താണ്ഡവർമ പാലത്തിൽനിന്ന് മകളുമായി പുഴയിൽ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടിൽ ലൈജു (36) ആണ് മകൾ ആര്യനന്ദയുമായി (6) പുഴയിൽ ചാടിയത്. പൊലീസും അഗ്നിശമനസേനയും ചേർന്ന് മകൾക്കായി തിരച്ചിൽ തുടരുകയാണ്.
പുതുവാശ്ശേരി കവലയിൽ വാടക കെട്ടിടത്തിൽ സാനിറ്ററി ഷോപ്പ് നടത്തുകയാണ് ലൈജു. അത്താണി അസീസി സ്കൂളിലെ വിദ്യാർഥിനിയാണ് ആര്യ. സാധാരണയായി സ്കൂൾ ബസിലാണ് ആര്യയെ സ്കൂളിലേക്ക് അയയ്ക്കുന്നത്. ഇന്നു രാവിലെ അത്താണി ഭാഗത്തേക്ക് പോകുന്നുണ്ടെന്ന് പറഞ്ഞ് ലൈജു മകളെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടു പോയി. ശേഷം മകളുമായി പുഴയിൽ ചാടുകയായിരുന്നു.
ലൈജുവിന്റെ ഭാര്യ സവിത അഞ്ച് വർഷത്തോളമായി ദുബായിൽ ബ്യൂട്ടിഷ്യനായി ജോലി ചെയ്യുകയാണ്. മകന്‍റെ ജന്മദിനം ആഘോഷിക്കാൻ അടുത്ത മാസം നാട്ടിൽ വരുമെന്ന് സവിത അറിയിച്ചിരുന്നെങ്കിലും രോഗബാധിതയായ അമ്മ അവശനിലയിലായതിനാൽ ഇന്നു ഉച്ചയോടെ നാട്ടിലെത്തിയിരുന്നു. ഇതിനിടെയാണ് സംഭവമുണ്ടായത്. ലൈജുവിനു കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.