കൊച്ചി: നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾക്ക് നേരെ പൊലീസ് നടപടി ആരംഭിച്ചു. ആലുവയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസായ പെരിയാർ വാലി ക്യാംപസ് സീൽ ചെയ്യാൻ ഉദ്യോഗസ്ഥർ എത്തി. തഹസിൽദാർ, എൻഐഎ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് പൊലീസ് നടപടികൾ. എറണാകുളം ജില്ലയിലെ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ആലുവയിലെ പെരിയാർ വാലി ക്യാമ്പസ്.
പിഎഫ്ഐയുടെ ഓഫീസുകൾ സീൽ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള സർക്കുലർ ഇതിനോടകം പുറത്തിറങ്ങി. പോപ്പുലർ ഫ്രണ്ടിൻ്റേയും അനുബന്ധ സംഘടനകളുടേയും ഓഫീസുകൾ കണ്ടെത്തി സീൽ ചെയ്യാനാണ് നിർദേശം. ജില്ലകളക്ടറുടെ ഉത്തരവോടെയാകും സീൽ ചെയ്യുക. അക്കൗണ്ടുകൾ മരവിപ്പിക്കാനും പിഎഫ്ഐ പ്രവർത്തകരെ നിരീക്ഷിക്കാനും ഡിജിപിയുടെ നിർദേശമുണ്ട്.
നിരോധനത്തിൻ്റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിൻ്റെ ഓഫീസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നിർദേശം ഡിജിപി അനിൽ കാന്ത് നൽകിയത്.
പോപ്പുലർ ഫ്രണ്ടിൻ്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനങ്ങളും വസ്തുവകകകളും ഉപയോഗിക്കുന്നത് തടയാൻ വേണ്ട നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.