സ്‌കൂളുകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതോടെ നൂതന വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും.258 സ്‌കൂളുകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുവാനാണു തീരുമാനം.
സമഗ്ര ശിക്ഷ കേരളയിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇതിന് തുടക്കമിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ 100 ദിവസത്തെ കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ പരിപാടികളില്‍ ഒന്നാണിത്. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ 258 സ്‌കൂളുകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. എല്ലാ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ഭൂമിശാസ്ത്ര വിഷയത്തിന്റെ ലബോറട്ടറി പരീക്ഷണമായി ഇത് ഉപയോഗിക്കും.ഓരോ സ്‌കൂളിനും ഉപകരണങ്ങള്‍ വാങ്ങുന്നതിന് 50,000 രൂപ നല്‍കും.
മഴമാപിനി, തെര്‍മോമീറ്റര്‍, വെറ്റ് ആന്‍ഡ് ഡ്രൈ ബള്‍ബ് തെര്‍മോമീറ്റര്‍, വിന്‍ഡ് വെയ്ന്‍, കപ്പ് കൗണ്ടര്‍ അനിമോമീറ്റര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ കാലാവസ്ഥാ ഉപകരണങ്ങളില്‍ നിന്നുള്ള റീഡിംഗ് എടുത്ത് കാലാവസ്ഥാ ഡാറ്റാ ബുക്കില്‍ രേഖപ്പെടുത്തും.