തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും വ്യാപാര-വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ലൈസൻസ് പിഴയില്ലാതെ പുതുക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സിനിമാ തിയറ്ററുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് തീരുമാനം ബാധകമാണ്. പ്രളയവും കോവിഡും ഉള്‍പ്പെടെ സൃഷ്ടിച്ച പ്രതിസന്ധികള്‍ പരിഗണിച്ചാണ് തീരുമാനം. 2018 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ യഥാസമയം ലൈസൻസ് പുതുക്കാൻ കഴിയാത്തവര്‍ക്ക് പിഴ ഒഴിവാക്കി, ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധിയും ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. കേരള വ്യാപാരി വ്യവസായി സമിതി മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ചാണ് തീരുമാനം. വ്യാപാരി സമൂഹത്തോട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ തുടരുന്ന കരുതലിന്‍റെ ഭാഗമാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.
കുടുംബശ്രീയുടെ ആന്തരിക വായ്പാ പ്രവര്‍ത്തനങ്ങള്‍ക്കായി 25കോടി രൂപ കൂടി അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മുൻപ് 50 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റ് വിഹിതമായ 260 കോടി രൂപയില്‍ നിന്നാണ് തുക അനുവദിച്ചത്. ആന്തരിക വായ്പാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 19,489 എഡിഎസുകള്‍ക്കും (ഏരിയാ ഡെവലപ്മെന്‍റ് സൊസൈറ്റി) 133 ഊര് സമിതികള്‍ക്കും ഒരു ലക്ഷം രൂപ വീതം 196.22 കോടിയാണ് റിവോള്‍വിംഗ് ഫണ്ട് ഇനത്തില്‍ നീക്കിവെച്ചത്. ഇതില്‍ നിന്നാണ് രണ്ടാംഘട്ടമായി ഇപ്പോള്‍ 25 കോടി അനുവദിച്ചിരിക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമാണ് നടപടിയെന്നും മന്ത്രി പറഞ്ഞു