കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മത്സരിക്കില്ല. സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഗെഹ്ലോട്ട് തന്നെ ഇക്കാര്യം അറിയിച്ചു.അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലുണ്ടായ സംഭവ വികാസങ്ങളിൽ ഗെഹ്ലോട്ട് ഖേദ പ്രകടനവും നടത്തി.
ഇന്ദിര ഗാന്ധി മുതൽ ഗാന്ധി കുടുംബവുമായി തനിക്ക് 50 വർഷത്തെ ബന്ധമുണ്ട്. ഈ കാലങ്ങളിലെല്ലാം ഒരു മാതൃക കോൺഗ്രസ് പ്രവർത്തകനായി നിലനിൽക്കാനാണ് താൻ ശ്രമിച്ചതെന്ന് ഗെഹ്ലോട്ട് പറഞ്ഞു. എന്നാൽ രാജസ്ഥാനിലെ മുഖ്യമന്ത്രി പദം രാജിവെപ്പിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിപ്പിക്കാനുള്ള ഗാന്ധി കുടുംബത്തിന്റെ നീക്കം പരാജയപ്പെട്ടുവെന്നാണ് രാഷ്ട്രീയ നിരീക്ഷണം.
‘ഞാൻ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് സംഭവിച്ചതെല്ലാം ഞങ്ങളെ ഞെട്ടിച്ചു. രാജസ്ഥാനിൽ സംഭവിച്ചതിന് സോണിയ ഗാന്ധിയോട് മാപ്പു പറഞ്ഞു’ അശോക് ഗെഹ്ലോട്ട് പറഞ്ഞു.