കൊച്ചി: അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ്, കരാർ കമ്പനിയായ ഹോവെ എൻജിനിയറിംഗ് പ്രോജക്ട്സ് എന്നിവർ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയും മുൻ ഉത്തരവ് പാലിക്കാത്തതിനെതിരെ സമർപ്പിച്ച കോടതി അലക്ഷ്യ ഹർജിയുമാണ് ഇന്ന് പരിഗണിക്കുക. സിംഗിൾ ബെഞ്ചിൻറെ ഉത്തരവ് നടപ്പായില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ ആരോപണം.
വിഴിഞ്ഞത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണമെന്നും കേരള പൊലീസിന് സംരക്ഷണം കൊടുക്കാൻ സാധിക്കുന്നില്ലെങ്കിൽ കേന്ദ്രത്തിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. തുറമുഖ നിർമ്മാണ പ്രദേശത്തേക്ക് സമരക്കാർ അതിക്രമിച്ച് കടക്കരുതെന്നും കോടതി ഉത്തരവിട്ടു. എന്നാൽ കോടതിയുടെ നിർദ്ദേശങ്ങൾ ഒന്നും തന്നെ പാലിക്കാൻ സർക്കാരിനായില്ലെന്ന് കോടതി അലക്ഷ്യ ഹർജിയിൽ പറയുന്നത്.
പ്രോജക്ട് സൈറ്റിൽ വരുന്ന ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും തടയാൻ പ്രതിഷേധക്കാർക്ക് അവകാശമില്ല.പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.