ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥിയെ തീരുമാനിക്കാൻ തിരക്കിട്ട ചർച്ചകളുമായി ഹൈക്കമാൻഡ്. പ്രവർത്തക സമിതി അംഗം എ.കെ.ആന്റണിയെ ഡൽഹിക്ക് വിളിപ്പിച്ചു. സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തി. കോൺഗ്രസ് അധ്യക്ഷയുമായി കൂടിക്കാഴ്ചയ്ക്കാണ് സച്ചിൻ എത്തിയത്. എന്നാൽ ഇതുവരെ ഒരു കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടില്ലെന്ന് അദ്ദേഹവുമായ അടുത്ത വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ ഗെഹ്‌ലോട്ട് സോണിയാ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചു. ഞായറാഴ്ച രാത്രി നടന്ന രാഷ്ട്രീയ നാടകത്തിന് ശേഷം ആദ്യമായാണ് ഗെഹ്‌ലോട്ട് സോണിയയുമായി സംസാരിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് അദ്ദേഹം സോണിയയെ അറിയിച്ചു.
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് കാര്യങ്ങൾ സങ്കീർണമായതോടെ സോണിയാ ഗാന്ധി കൂടുതൽ നേതാക്കളുമായി ചർച്ച നടത്താനുള്ള ഒരുക്കത്തിലാണ്. സോണിയ നാളെ ആന്റണിയുമായി ചർച്ച നടത്തും. ദിഗ്‌വിജയ് സിങ്, കമൽനാഥ് എന്നീ പേരുകളാണ് ഹൈക്കമാൻഡ് പരിഗണനയിലുള്ളത്. ഇവരും മത്സരിക്കാൻ തയ്യാറാവുമോ എന്ന കാര്യം വ്യക്തമല്ല.
പട്ടിക ജാതി വിഭാഗത്തിൽ നിന്നാണെങ്കിൽ മുകുൾ വാസ്നിക്കോ മല്ലികാർജുൻ ഖാർഗെയോ സുശീൽ കുമാർ ഷിൻഡെയോ വന്നേക്കും. പവൻ കുമാർ ബെൻസൽ നാമനിർദേശ പത്രിക കൈപറ്റിയിട്ടുണ്ടെങ്കിലും മത്സരിക്കുന്നില്ലെന്നാണു പറയുന്നത്. ആർക്കു വേണ്ടിയാണ് പത്രിക വാങ്ങിയതെന്നു വ്യക്തമല്ല.