പോക്സോ നിയമപ്രകാരം ജീവപര്യന്തം തടവിന്റെ പകുതിയെന്നാല്‍ പത്തു വര്‍ഷം തടവുശിക്ഷയാണെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) ഇക്കാര്യത്തിലെ നിര്‍വചനം പോക്സോ നിയമത്തിലും ബാധകമാണെന്ന് ഹൈക്കോടതി പറഞ്ഞു.
പോക്സോ കേസില്‍ അര്‍ധ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാളുടെ ശിക്ഷാ കാലാവധി സംബന്ധിച്ച് ജയില്‍ സൂപ്രണ്ട് രജിസ്ട്രിയോട് ആരാഞ്ഞ വിശദീകരണത്തിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്. പോക്സോ നിയമത്തില്‍ ജീവപര്യന്തത്തിനു നിര്‍വചനം നല്‍കിയിട്ടില്ല. എന്നാല്‍ നിര്‍വചനം നല്‍കാത്ത വാക്കുകളുടെ വിശദീകരണം ഐപിസി, ജുവനൈല്‍ ജസ്റ്റിസ് നിയമം, ഐടി നിയമം എന്നിവയില്നിന്നെടുക്കണമെന്ന് നിയമത്തിലെ 2 (2) വകുപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജീവപര്യന്തം തടവെന്നാല്‍ ഇരുപതു വര്‍ഷമായി നിജപ്പെടുത്താമെന്ന് ഐപിസി 57-ാം വകുപ്പില്‍ പറയുന്നുണ്ട്. ഇത് പോക്സോ നിയമത്തിലും ബാധകമാണെന്ന് കോടതി അറിയിച്ചു.