സോഷ്യൽ മീഡിയയിൽ തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നടി ഭാവന. കഴിഞ്ഞ ദിവസം ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയപ്പോൾ താരം ധരിച്ച വസ്ത്രമാണ് സൈബർ ആക്രമണത്തിന് കാരണമായത്. വെള്ള ടോപ്പ് അണിഞ്ഞാണ് താരം എത്തിയത്. ലൂസ് ടോപ്പിനൊപ്പം സ്കിൻ കളറിലുള്ള ബനിയനാണ് ഉണ്ടായിരുന്നത്. എന്നാൽ ടോപ്പിനടിയില്‍ വസ്ത്രമില്ലെന്നായിരുന്നു ഒരുവിഭാഗത്തിന്റെ ആരോപണം. കൈ ഉയര്‍ത്തുമ്പോള്‍ കാണുന്നത് ശരീരമാണെന്നു പറഞ്ഞ് ഭാവനയ്ക്കെതിരെ വലിയ രീതിയിൽ അധിക്ഷേപവുമായി എത്തി. അതിനു പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഭാവന പ്രതികരിച്ചത്.
‘എല്ലാം ശെരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീര്‍ക്കാന്‍ നോക്കുമ്പോള്‍, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങള്‍ മാറ്റി വെക്കാന്‍ നോക്കുമ്പോളും, ഞാന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങള്‍ക്കു സന്തോഷം കിട്ടുന്നത് എങ്കില്‍ അതിലും ഞാന്‍ തടസം നില്‍ക്കില്ല.’ എന്നാണ് ഭാവന കുറിച്ചത്.