എകെജി സെന്റര്‍ ആക്രമണ കേസിൽ അറസ്റ്റിലായ പ്രതി ജിതിനുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഇന്ന് പുലര്‍ച്ചെയാണ് എകെജി സെന്ററിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പൊലീസ് ജീപ്പ് ഒഴിവാക്കിയാണ് പ്രതിയെ എകെജി സെന്ററിലെത്തിച്ചത്.ആക്രമണം നടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറിനെ കുറിച്ച് സൂചന ലഭിച്ചതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ആക്രമണ സമയത്ത് ധരിച്ചിരുന്ന ടീ ഷര്‍ട്ട് കായലില്‍ ഉപേക്ഷിച്ചതായി ജിതിന്‍ മൊഴി നല്‍കിയതായി അന്വേഷണ സംഘം അറിയിച്ചു. നേരത്തെ ഇത് നശിപ്പിച്ചു കളഞ്ഞുവെന്നായിരുന്നു ഇയാള്‍ മൊഴി നല്‍കിയിരുന്നത്. അതേസമയം പൊലീസിന് കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
മണ്‍വിള സ്വദേശിയായ ജിതിന്‍ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ്. ഇയാള്‍ കുറ്റം സമ്മതിച്ചുവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്.അക്രമി ഉപയോഗിച്ച സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ചിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം അക്രമി ഗൗരീശപട്ടത്ത് എത്തിയ ശേഷം സ്‌കൂട്ടര്‍ മറ്റൊരാള്‍ക്ക് നല്‍കിയ ശേഷം കാറില്‍ പോകുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.